മിഷിഗണ്‍: വിമാനത്തില്‍ കയറുന്നതിന് മുമ്പ് ബോര്‍ഡിംഗ് പരിശോധനകള്‍ വേണ്ടവിധം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ആരോപിച്ച് സ്ത്രീയെ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ നിന്നും വലിച്ചിഴച്ച് പുറത്താക്കി. അമേരിക്കയിലെ ഡിട്രോയിറ്റ് മെട്രൊപൊളിറ്റന്‍ വിമാനത്താവളത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് സ്ത്രീയെ പുറത്താക്കിയത്.
വിമാനത്താവളത്തില്‍ ലഗേജ് പരിശോധിക്കുകയും മറ്റ് പരിശോധനകള്‍ക്ക് സ്ത്രീ തയ്യാറായുമില്ലെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പരിശോധനകള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ വിമനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്ത്രീ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി സ്ത്രീയെ സീറ്റുകള്‍ക്കിടയിലെ വഴിയിലൂടെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി.
ഈ സമയം മുഴുവന്‍ മറ്റു യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരാരും പ്രതികരിക്കുന്നതായി ദൃശ്യങ്ങളിലില്ല. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്ത്രീയ്‌ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സ്ത്രീയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.