അഗര്‍ത്തല: ത്രിപുര നിയമസഭയുടെ ശീതകാല സമ്മേളനത്തിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്കറുടെ അധികാര ദണ്ഡ് തട്ടിയെടുത്ത് എം.എല്‍.എ ഓടി. സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സുദീപ് റോയ് ബര്‍മന്‍(50) ആണ് സ്പീക്കറുടെ അധികാര ദണ്ഡെ് തട്ടിയെടുത്ത് സഭയില്‍നിന്നും ഇറങ്ങി ഓടിയത്.
വനംമന്ത്രി നരേഷ് ജമാതിയക്കെതിരായ ലൈംഗികാരോപണത്തിന്മേല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെക്കുന്നതിനിടെയാണ് സംഭവം. നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിക്കുന്നതിടെ സുദീപ് റോയ് സ്പീക്കറുടെ കാബിനരികിലെത്തി. തുടര്‍ന്ന് ദണ്ഡ് തട്ടിയെടുത്ത് ഓടുകയായിരുന്നു. വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥരടക്കം ബര്‍മനു പിന്നാലെ ഓടി. എന്നാല്‍ പിടികൊടുക്കാന്‍ തയ്യാറാകാതിരുന്ന എം.എല്‍.എ വാതില്‍ത്തുറന്നു പുറത്തേക്കു ഓടി.
ബര്‍മനില്‍നിന്ന് ഒടുവില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ദണ്ഡ് പിടിച്ചെടുത്തു. സംഭവത്തെ തുടര്‍ന്ന് പ്രക്ഷുബ്ദമായ സഭ കുറച്ചുനേരത്തേക്ക് നിര്‍ത്തിവെച്ചു.