കോഴിക്കോട്: ആറളം വിയറ്റ്‌നാം കോളനിയിലെ ആദിവാസികളില്‍നിന്നും തോക്കുചൂണ്ടി അരി വാങ്ങുകയും, കാട്ടുതീ എന്ന ലഘുലേഖ പ്രചരിപ്പിക്കുകയും ചെയ്ത മാവോയിസ്റ്റു സംഘത്തിലെ അംഗമെന്ന പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത കെ.പി നദീറിന് പറയാനുള്ളത് കസ്റ്റഡിയിലെ യാതനയുടെ കഥ. തനിക്കെതിരെ തെളിവില്ലെന്ന് കണ്ടതോടെ, തെളിവുണ്ടാക്കാന്‍ ഓടുന്ന പോലീസിനെയാണ് സ്‌റ്റേഷനില്‍ കണ്ടതെന്ന നദീര്‍ പറയുന്നു. നദീറിന്റെ വാക്കുകളിലേക്ക്.
”ആശുപത്രിയിലായിരുന്ന സുഹൃത്ത് കമലിന് ആഹാരം വാങ്ങാന്‍ പോയപ്പോഴായിരുന്നു തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളജ് പൊലീസിന്റെ കസ്റ്റഡി നാടകം. ആദ്യവസാനം കേസിനെക്കുറിച്ച് ഒന്നും വെളിപ്പെടുത്താതെ ലോക്കപ്പില്‍ കയറ്റി ഫോട്ടോ എടുക്കാനായി ശ്രമം. കേസിനെക്കുറിച്ചും അറസ്റ്റ് സംബന്ധിച്ചും അറിയാതെ ഫോട്ടോ എടുക്കാന്‍ അനുവദിക്കില്ലെന്ന് ഞാന്‍ ഉറച്ചു നിന്നു. എസ്.ഐ വന്ന് അറസ്റ്റ് ചെയ്‌തെന്ന് പറഞ്ഞ് ഫോട്ടോ എടുത്തു. ആദ്യം ഞാന്‍ മാവോവാദിയാണെന്നും പിന്നീട് തെളിവൊന്നും കണ്ടത്തൊനായില്‌ളെന്നും പറയുകയായിരുന്നു. ജീവിതത്തില്‍ ഇതുവരെ ആറളം എന്ന സ്ഥലം കാണാത്ത ഞാനും കൂട്ടാളികളും അവിടെയത്തെി തോക്ക് ചൂണ്ടി ആദിവാസികളില്‍നിന്ന് അരി വാങ്ങിയെന്നാണ് പറയുന്നത്. ഇരിട്ടി ഡിവൈ.എസ്.പി ഓഫിസില്‍ പുലര്‍ച്ച വരെ പലരും മാറിമാറി ചോദ്യംചെയ്തു. അതില്‍ കേരള പൊലീസ്, ഐ.ബി, രഹസ്യാന്വേഷണ വിഭാഗം എല്ലാവരുമുണ്ടായിരുന്നു.
മാര്‍ച്ച് മൂന്നിന് നടന്ന സംഭവത്തില്‍ 15ന് യു.എ.പി.എയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി അറിയാന്‍ കഴിഞ്ഞു. എന്നാല്‍, അതിനുശേഷം മൂന്നു തവണ ഞാന്‍ ഖത്തറില്‍ പോയി വന്നു. എമിഗ്രേഷന്‍ ക്‌ളിയറന്‍സിനൊന്നും ഒരു തടസ്സവും ഉണ്ടായില്ല. പശ്ചിമഘട്ട വനമേഖലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അവര്‍ പലരുടെയും ഫോട്ടോ ഫയല്‍ സൂക്ഷിക്കുകയും അതനുസരിച്ച് ആവശ്യാനുസരണം കേസ് ചുമത്തുകയുമാണ് പലപ്പോഴും”
അഞ്ചുപേര്‍കൂടി പ്രതികളായുള്ള ഈ കേസില്‍ എന്നെ മാത്രമേ അവര്‍ തിരിച്ചറിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ള സി.പി. മൊയ്തീന്‍, സുരേഷ്, കന്യാകുമാരി, ലത എന്നിവരുടെ ഫോട്ടോ കൈവശമില്‌ളെന്നും അവര്‍ അണ്ടര്‍ഗ്രൗണ്ടിലാണെന്നും മാത്രമേ അറിയുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞതായും നദീര്‍ പറയുന്നു. ഖത്തറില്‍ കമ്പനി സെക്രട്ടറിയായി ജോലി ചെയ്യുന്ന നദീറിന് ജനുവരി ആറിന് തിരിച്ചു പോകണം. എന്നാല്‍, നാലിന് ഇരിട്ടി ഡിവൈ.എസ്.പി ഓഫിസില്‍ ഹാജരാകണമെന്ന നോട്ടീസോടെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചത്.