തിരുവനന്തപുരം: പ്രശസ്ത സിനിമാ നടന്‍ ജഗന്നാഥ വര്‍മ്മ (87) അന്തരിച്ചു. നെയ്യാററിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 577 മലയാള ചിത്രങ്ങളിലും നിരവധി സീരിയലുകളിലും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
1978-ല്‍ മാറ്റൊലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വര്‍മ്മ മൂന്ന് പതിറ്റാണ്ടിലധികം മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു. ലേലം, ആറാം തമ്പുരാന്‍, പത്രം, ന്യൂഡല്‍ഹി, സുഖമോ ദേവീ, ശ്രീകൃഷ്ണപരുന്ത് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ വാരനാട് എന്ന ഗ്രാമത്തിലാണു ജനനം. പതിനാലാം വയസ്സില്‍ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വര്‍മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടുണ്ട്. കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരായിരുന്നു ഗുരു. വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെ കീഴില്‍ ചെണ്ടയില്‍ പരിശീലനം നേടിയ ജഗന്നാഥവര്‍മ 74-ാം വയസ്സില്‍ അരങ്ങേറ്റം കുറിച്ചു.
സിനിമാരംഗത്ത് സജീവമാകുന്നതിന് മുന്‍പ് തന്നെ പൊലീസ് സേനയില്‍ ചേര്‍ന്നു. എസ്.പിയായാണ് വിരമിച്ചത്. ഇദ്ദേഹം അറിയപ്പെടുന്ന കഥകളി കലാകാരന്‍ കൂടിയാണ്. മകന്‍ മനുവര്‍മ സിനിമാ നടനാണ്. പ്രശസ്ത സംവിധായകന്‍ വിജി തമ്പി മരുമകനാണ്. ഭാര്യ ശാന്താ വര്‍മ. മക്കള്‍ മനുവര്‍മ, പ്രിയ.