നല്ല ഇടയന്‍: കൈറുന്നീസയ്ക്ക് പുതുജീവനേകി ഫാ. ഷിബു കുറ്റിപറിച്ചേലിന്റെ വൃക്ക

കൊച്ചി: മാനുഷിക സ്‌നേഹത്തിന് മതം വിലങ്ങുതടിയല്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. വയനാട് ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. ഷിബു കുറ്റിപറിച്ചേലിന്റെ വൃക്കകളിലൊന്ന് തൃശൂര്‍ ചാവക്കാടിന് സമീപം അകലാട് സ്വദേശിനി കൈറുന്നീസയ്ക്ക് പുതുജീവന്‍ നല്‍കി. എറണാകുളം വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലാണ് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നത്.

നെഫ്രോളജി, ട്രാന്‍സ്പ്ലാന്റ് സര്‍വീസസ് ഡയറക്ടര്‍ ഡോ. എബി എബ്രഹാം, ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. ജോര്‍ജ് പി. എബ്രഹാം, അനസ്തേഷ്യ വിഭാഗം ഡയറക്ടര്‍ ഡോ. മോഹന്‍ എ. മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം വൃക്കദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇരുവരും ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഫാ. ഷിബുവിന് നാല് ദിവസങ്ങള്‍ക്ക് ശേഷവും കൈറുന്നീസയ്ക്ക് ഒരാഴ്ചയ്ക്ക് ശേഷവും ആശുപത്രി വിടാനാകുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

സ്വന്തം വൃക്കദാനത്തിലൂടെ സമൂഹത്തിന് മാതൃകയായ ഫാ. ഡേവിസ് ചിറമ്മേല്‍ സ്ഥാപകനായ കിഡ്നി ഫെഡറേഷറില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് കൈറുന്നീസയെ സ്വീകര്‍ത്താവായി തീരുമാനിച്ചത്. ഇരു വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസ് നടത്തിവരികയായിരുന്നു അവര്‍. വാഹനാപകടത്തില്‍ പരിക്കേറ്റ് തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവ് ഷാബുവും മൂന്ന് വയസുള്ള മകളും അടങ്ങുന്നതാണ് കൈറുന്നീസയുടെ കുടുംബം. രണ്ട് മാസം മുമ്പാണ് ഫാ. ചിറമ്മേലില്‍ നിന്നും ഫാ. ഷിബു കൈറുന്നീസയെക്കുറിച്ചറിയുന്നത്. തുടര്‍ന്ന് നടന്ന പരിശോധനകളില്‍ അച്ചന്റെ വൃക്ക കൈറുന്നീസയ്ക്ക് ചേരുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രീയയ്ക്കുള്ള നടപടികള്‍ ആരംഭിച്ചത്.