ചെന്നൈ : തമിഴ്‌നാട്ടിലെ ശരിയത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. ആരാധനാലയങ്ങളില്‍ ആരാധന മാത്രം മതിയെന്നും ആരാധനാലയങ്ങള്‍ക്ക് കോടതികളാകാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ ശരിയത്ത് കോടതികളും കണ്ടെത്തി ഇവ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നൈ അണ്ണാ ശാലയിലെ മക്ക മസ്ജിദിന് എതിരായ കേസിലാണ് കോടതി നടപടി.
വിദേശത്ത് താമസിക്കുന്ന അബ്ദുള്‍ റഹ്മാന്‍ എന്നയാള്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി. കുടുംബകോടതികളുടെ സമാനമായ പ്രവര്‍ത്തനങ്ങളാണ് ശരിയത്ത് കോടതികളിലും നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
ശരിയത്ത് കോടതി അനുവദിക്കുന്ന മുത്തലാക്കിലൂടെ അബ്ദുള്‍ റഹ്മാന്‍ തന്റെ ഭാര്യയെ മൊഴി ചൊല്ലിയിരുന്നു. എന്നാല്‍, നാളുകള്‍ക്ക് ശേഷം തനിക്ക് ഭാര്യയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്‍ റഹ്മാന്‍ രംഗത്തെത്തിയെങ്കിലും ശരിയത്ത് കോടതി ഇതിന് അനുവദിച്ചില്ല. ഇതേതുടര്‍ന്നാണ് അബ്ദുള്‍ റഹ്മാന്‍ പൊതുതാത്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
മുസ്ലീം പള്ളികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശരിയത്ത് കോടതികള്‍ മുഖ്യമായും വിവാഹം, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് പ്രവര്‍ത്തിക്കുന്നത്.