വയനാട്: ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനു മറുപടിയുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണെന്നും പദവികളോ പണമോ പരിഗണനാ വിഷയമല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
തനിക്കെതിരെയുള്ള അന്വേഷണവിവരങ്ങൾ ചോർത്തുന്നുവെന്ന് കെ.എം.എബ്രഹാം വിജിലൻസ് ഡയറക്ടർക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തെഴുതിയിരുന്നു. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് അദ്ദേഹം കത്തിൽ ആരോപിക്കുന്നത്.
ഉന്നത വിദ്യാഭ്യാസവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പദവിയും വൈസ് ചാൻസലറുടെ പദവിയും ദുരുപയോഗം ചെയ്തെന്ന പരാതിയിൽ കെ.എം.എബ്രഹാമിനെതിരേ വിജിലൻസ് ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസിലും എബ്രഹാമിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.