വാഷിങ്ടണ്‍: അമേരിക്കയുടെ 45ാം പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവശ്യമായ 270 സീറ്റുകള്‍ മറികടന്നാണ് ട്രംപ് അധികാരമുറപ്പിച്ചത്. 277 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാണ് ട്രംപിന്റെ വിജയം ്. 270 ഇലക്ടറല്‍ വോട്ടുകളായിരുന്നു വിജയിക്കാന്‍ വേണ്ടത്. ഡെമോക്രാറ്റിക് പക്ഷത്തെ എതിര്‍ സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ് 218 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് നേടാനായത്. മുപ്പതോളം സംസ്ഥാനങ്ങള്‍ ട്രംപിനെ പിന്തുണച്ചപ്പോള്‍ 20 സംസ്ഥാനങ്ങള്‍ മാത്രമാണ് ഹില്ലരിക്കൊപ്പം നിന്നത്. നിര്‍ണായക സംസ്ഥാനങ്ങളായ ഫ്ളോറിഡയും, അരിസോണയും, പെന്‍സില്‍വാനിയയുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അപ്രതീക്ഷിതമായി ട്രംപിനൊപ്പം നില്‍ക്കുകയായിരുന്നു. 100 അംഗ സെനറ്റില്‍ പകുതിയിലേറെ സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടി. ഡെമോക്രാറ്റ് ശക്തികേന്ദ്രമായ പെന്‍സില്‍വേനിയയിലെ വിജയമാണ് സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍സിനെ സഹായിച്ചത്. ഹിലരിയുടെ സംസ്ഥാനമായ അര്‍ക്കന്‍സാസിലും ട്രംപ് ആധിപത്യം നേടി. കഴിഞ്ഞ തവണ ഒബാമ വിജയിച്ച സ്വിങ് സ്റ്റേറ്റുകളായ ഫ്ലോറിഡയിലും ഒഹയോയിലും ഹിലരി തോറ്റു. ജനപ്രതിനിധി സഭയായ ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്സില്‍ ആകെയുള്ള 435 സീറ്റുകളില്‍ 232 സീറ്റുകള്‍ റിപ്പബ്ലിക്കന്‍സ് നേടിയിട്ടുണ്ട്. 218 സീറ്റാണ് സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത്. ഡെമോക്രാറ്റുകള്‍ക്ക് 177 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. പ്രതീക്ഷിച്ചയിടങ്ങളില്‍ ഹില്ലരിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തതാണ് ഡെമോരകാറ്റിക് പാര്‍ട്ടിയെ പരാജയത്തിലേക്ക് തള്ളിയിട്ടത്. എന്നാല്‍ തുടക്കം മുതല്‍ ട്രംപ് മുന്നേറുകയായിരുന്നു.