ഹൃദ്രോഗ സാധ്യത പരമാവധി കുറയ്ക്കാന്‍ കഴിയുന്ന ‘ഗോള്‍ഡന്‍ അവര്‍’ ഉറക്കത്തിനും ഉണ്ടെന്ന് ആരോഗ്യവിദഗ്ധര്‍

ഹൃദ്രോഗ സാധ്യത പരമാവധി കുറയ്ക്കാന്‍ കഴിയുന്ന തരത്തില്‍ ഇടപെടുന്ന ഒരു ‘ഗോള്‍ഡന്‍ അവര്‍’ ഉറക്കത്തിനും ഉണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. യൂറോപ്യന്‍ ഹാര്‍ട് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഉറങ്ങാന്‍ പോകുന്ന സമയവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. 43-നും 74-നും ഇടയില്‍ പ്രായമുള്ള കുറച്ചുപേരെ തിരഞ്ഞെടുത്ത് അവരുടെ ഉറക്കരീതികളെ ഗഹനമായ പഠനത്തിന് വിധേയമാക്കി. രാത്രി പത്തിനും പതിനൊന്നിനും ഇടയില്‍ ഉറങ്ങുന്നവര്‍ക്ക് ഹൃദയ-രക്തചംക്രമണ രോഗസാധ്യതകള്‍ വളരെ കുറവാണെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. രാത്രി 11ന്നിനും അര്‍ധരാത്രിക്കുമിടയില്‍ ഉറങ്ങാന്‍ കിടക്കുന്നവര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത 12 ശതമാനമാനവവും അര്‍ധരാത്രിയും കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നവരില്‍ 25 ശതമാനം അധികമാണ് ഹൃദ്രോഗത്തിനുള്ള റിസ്‌ക് എന്നും പഠനത്തിൽ കണ്ടെത്തി. രാത്രി 10നും 11നും ഇടയില്‍ ഉറങ്ങുന്നതാണ് ദീര്‍ഘകാല ഹൃദയാരോഗ്യത്തിന് ഉത്തമമെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ സീനിയര്‍ കാര്‍ഡിയാക് നഴ്‌സായ റെഗിന ഗിബ്ലിന്‍ ചൂണ്ടിക്കാട്ടി. ആരോഗ്യകരമായ ജീവിതശൈലി, രക്തസമ്മര്‍ദ നിയന്ത്രണം, കൊളസ്‌ട്രോൾ, ഡയറ്റ്, വ്യായാ മം എന്നിവ ഹൃദയാരോഗ്യത്തില്‍ വഹിക്കുന്ന പങ്കുപോലെത്തന്നെ നിര്‍ണായകമാണ് ഉറക്കവും, ഉറങ്ങാന്‍ കിടക്കുന്ന സമയവും. 7 മുതല്‍ 9 മണിക്കൂര്‍വരെയാണ് ആരോഗ്യകരമായ ഉറക്കസമയം. ഇടവേളകളില്ലാതെ ഇത്രയും നേരം ഉറങ്ങാന്‍ കഴിഞ്ഞാല്‍ ശരീരത്തിന് അതിന്റെ സ്വഭാവികമായ താളം നിലനിര്‍ത്താന്‍ സാധിക്കും. എന്നാൽ വളരെ വൈകി ഉറങ്ങാന്‍ കിടക്കുന്നതും ഉറക്കത്തില്‍ ഇടവേളകളില്‍ സംഭവിക്കുന്നതും ഹൃദയത്തിന് അനാവശ്യമായ സ്‌ട്രെയ്ന്‍ ആണ് നല്‍കുന്നതെന്ന് പഠനത്തിൽ വ്യക്തമാക്കി. ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കാന്‍ രാത്രി പത്തിനും പതിനൊന്നും ഇടയില്‍ നിര്‍ബന്ധമായും ഉറങ്ങാനാണ് ഗവേഷകര്‍ നിർദ്ദേശിച്ചത്.