ഒരേ സമയം ഒരു പോലെയുള്ള വ്യായാമം ചെയ്താലും അതിൽ നിന്ന് സ്ത്രീകൾക്കും പുരുഷന്മാർക്കും ലഭിക്കുന്ന ഫലത്തിൽ വ്യത്യാസമുണ്ടാകുമെന്നു പഠന റിപ്പോർട്ട്. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹൃദയാരോഗ്യത്തിനായി പുരുഷന്മാർ അഞ്ച് മണിക്കൂർ ശാരീരിക വ്യായാമം ചെയ്ത് ലഭിക്കുന്ന ഗുണങ്ങൾ സ്വന്തമാക്കാൻ സ്ത്രീകൾ വെറും രണ്ടര മണിക്കൂർ നേരത്തേക്ക് വ്യായാമം ചെയ്താൽ മതിയെന്ന് പഠനം പറയുന്നു. സ്ഥിരം വ്യായാമം ചെയ്യുന്ന സ്ത്രീകളുടെ അകാല മരണസാധ്യത 24 ശതമാനം കുറയുമ്പോൾ പുരുഷന്മാരിൽ ഇത് 15 ശതമാനം മാത്രമാണെന്നും പഠനറിപ്പോർട്ട് പറയുന്നു. 1997 മുതൽ 2019 വരെയുള്ള കാലയളവിലെ 4 ലക്ഷത്തിൽ അധികം പേരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. എല്ലാ ദിവസവും എയറോബിക് വ്യായാമത്തിൽ ഏർപ്പെട്ട സ്ത്രീകൾ ഹൃദ്രോഗപ്രശ്‌നങ്ങൾ മൂലം മരിക്കാനുള്ള സാധ്യത 36 ശതമാനം കുറഞ്ഞതായി റിപ്പോർട്ട് പറയുന്നു. ഇതേ സമയം പുരുഷന്മാരിൽ ഇത് 14 ശതമാനം മാത്രമായിരുന്നു. അതേ സമയം ആഴ്ചയിൽ ഒരു സെഷനിലൂടെ തന്നെ ഇതേ ഗുണങ്ങൾ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരത്തിന്റെ ചില വ്യത്യാസങ്ങളാണ് വ്യായാമത്തിന്റെ ഗുണഫലത്തിലെ ഈ വ്യത്യാസങ്ങൾക്ക് കാരണമാകുന്നതെന്ന് ഗവേഷകർ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.