പരശുറാം എക്‌സ്പ്രസ് തീവണ്ടി യാത്രയ്ക്കിടെ അബോധാവസ്ഥയിലായ യാത്രികയ്ക്ക് രക്ഷകയായി സഹയാത്രികയായ നഴ്സ്

പരശുറാം എക്‌സ്പ്രസ് തീവണ്ടി യാത്രയ്ക്കിടെ അബോധാവസ്ഥയിലായ യാത്രികയ്ക്ക് രക്ഷകയായി സഹയാത്രികയായ നഴ്സ്. യാത്രയ്ക്കിടെ കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുശീലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തൊട്ടടുത്ത കമ്പാര്‍ട്ട്മെന്റില്‍നിന്നും നിലവിളി കേട്ട് എത്തിയ നഴ്സ് അമിത കുര്യാക്കോസിന്റെ സമയോചിത ഇടപെടലാണ് സുശീലയ്ക്ക് രക്ഷയായത്. ആലുവ രാജഗിരി ആശുപത്രിയിലെ കാര്‍ഡിയാക് ഐ.സി.യു. നഴ്സാണ് അമിത. തീവണ്ടി തൃപ്പൂണിത്തുറ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ സുശീലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത് കണ്ട് കൂടെ യാത്രചെയ്ത മകളുടെ കരച്ചില്‍ കേട്ടാണ് യാത്രക്കാര്‍ വിവരം അറിഞ്ഞത്. പള്‍സ് പരിശോധിച്ചപ്പോള്‍ ലഭിക്കാതെ വന്നതോടെ നഴ്സ് അമിത സുശീലയെ തറയില്‍ കിടത്തി. അഞ്ച് തവണ സി.പി.ആര്‍. നല്‍ക്കുകയും ചെയ്തു. ഇതോടെയാണ് സുശീലയുടെ കണ്ണുകളില്‍ ചലനവും പള്‍സും വീണ്ടെടുക്കാനായത്. ഇതിനകം യാത്രക്കാരിലൊരാള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയിരുന്നു. തുടര്‍ന്ന് റെയില്‍വേ ജീവനക്കാരും സ്ഥലത്തെത്തി. അമിത കുര്യാക്കോസിന്റെ അവസരോചിത ഇടപെടലിനെ ടി.ടി.ഇ.യും സഹയാത്രികരും അഭിനന്ദിച്ചു.